
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തമനസ്സുകളിൽ ഭക്തിയുടെ അമൃതധാര പകർന്ന് ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമർപ്പണം. അനന്തപുരിയുടെ വീഥികളിലും മുറ്റങ്ങളിലും ഇന്ന് പൊങ്കാലക്കലങ്ങൾ നിരക്കും. രാവിലെ 8.30-ന് പന്തീരടിപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം 9.25-ഓടെ നടക്കുന്ന ശുദ്ധപുണ്യാഹ ചടങ്ങുകൾക്ക് പിന്നാലെ, 9.45-ന് പൊങ്കാല അടുപ്പുകളിൽ തീ പടരും.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ നിന്നും പകരുന്ന അഗ്നി ക്ഷേത്രപരിസരത്തെ ആയിരക്കണക്കിന് അടുപ്പുകളിലേക്ക് കൈമാറുന്നതോടെ നഗരം പൊങ്കാല ലഹരിയിലാകും. ചെണ്ടമേളവും കതിനാവെടിയൊച്ചയും മുഴങ്ങുന്നതോടെ ദൂരദിക്കുകളിൽ കാത്തിരിക്കുന്ന ഭക്തരും തങ്ങളുടെ അടുപ്പുകളിൽ അഗ്നി പകരും. ഉച്ചപൂജയ്ക്ക് ശേഷം 2.15-നാണ് നിവേദ്യ ചടങ്ങുകൾ നടക്കുക. ഈ സമയത്ത് വിമാനത്തിൽ നിന്നുള്ള ആകാശപുഷ്പവൃഷ്ടിയും ക്ഷേത്രത്തിൽ ദീപാരാധനയും നടക്കും.
പ്രത്യേക ശ്രദ്ധയ്ക്ക്:
ഇത്തവണ ചന്ദ്രഗ്രഹണം ഉള്ളതിനാൽ ക്ഷേത്ര ചടങ്ങുകളിൽ സമയക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്:
വൈകിട്ട് 3.10: നിവേദ്യത്തിന് പിന്നാലെ ക്ഷേത്രനട അടയ്ക്കും.
രാത്രി 7.00: ശുദ്ധിക്രിയകൾക്ക് ശേഷം നട വീണ്ടും തുറക്കും.
രാത്രി 8.30: കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത്.
രാത്രി 10.45: മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും.
എഴുന്നള്ളത്തും കുത്തിയോട്ടവും
ഇക്കുറി 581 ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. പുറത്തെഴുന്നള്ളത്തിന് പാറന്നൂർ നന്ദൻ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. സായുധ പോലീസിന്റെ അകമ്പടിയോടും വാദ്യമേളങ്ങളോടും കൂടി നടക്കുന്ന എഴുന്നള്ളത്ത് നാളെ പുലർച്ചെ ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.










